കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ മീഷോയുടെ പേരില്‍ രജിസ്റ്റേർഡ് പോസ്റ്റ് വഴി വ്യാജ സമ്മാനക്കത്തുകള്‍ അയച്ചു തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ്.
തട്ടിപ്പുകാര്‍ അയയ്ക്കുന്ന കത്തുകളില്‍ ആകര്‍ഷകമായ സ്ക്രാച്ച് കാര്‍ഡുകള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഇതു സ്ക്രാച്ച് ചെയ്യുമ്പോള്‍ വലിയൊരു തുക സമ്മാനം ലഭിച്ചതായി കാണിക്കുകയും തുക കൈപ്പറ്റാനായി കത്തിലുള്ള ഹെല്പ്ലൈന് നമ്പറിലോ വാട്സാപ് നമ്പറിലോ ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്യും.
കമ്പനി പ്രതിനിധികള്‍ എന്ന വ്യാജേന സംസാരിക്കുന്ന തട്ടിപ്പുകാര്‍, സമ്മാനത്തുക ലഭിക്കുന്നതിനു മുന്നോടിയായി പ്രോസസിംഗ് ഫീസ്, ഡോക്യുമെന്റേഷന് ചാര്‍ജ്, ഇന്‍കംടാക്സ് തുടങ്ങിയ ഇനങ്ങളില്‍ പണം ആവശ്യപ്പെടുന്നു.
വിശ്വാസ്യത വര്‍ധിപ്പിക്കാനായി വ്യാജമായ ഇന്‍കംടാക്സ് രേഖകളും മറ്റ് ഔദ്യോഗിക മുദ്രകളും ഇവര്‍ അയച്ചുനല്‍കും. പണം കൈമാറിക്കഴിഞ്ഞാല്‍ പിന്നീട് ഇവരുമായി ബന്ധപ്പെടാന്‍ സാധിക്കില്ല. ഇതാണു സംഘത്തിന്റെ തട്ടിപ്പുരീതി.
കരുതിയിരിക്കാം
- സ്ക്രാച്ച് കാര്‍ഡ്/ഗിഫ്റ്റ് ഓഫര്‍ എന്നപേരില്‍ പണം ആവശ്യപ്പെടുന്നവരെ ഒഴിവാക്കുക.
- അപരിചിത നമ്പറുകളിലേക്കു വിളിക്കുകയോ വാട്സാപ് വഴി വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കുകയോ ചെയ്യരുത്.
- സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ ഹെല്പ്ലൈന് നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടലിലോ പരാതി രജിസ്റ്റര്‍ ചെയ്യണം.